Berlytharangal.com

ഞാന്‍ ബ്ലോഗിങ് തുടങ്ങിയിട്ട് കുറച്ചുകാലമായി. തുടങ്ങിയതില്‍ പിന്നെ നിര്‍ത്തിയിട്ടില്ല എന്നതിനാല്‍ വളരെ ആധികാരികമായി പോക്രിത്തരങ്ങള്‍ പറയാന്‍ എനിക്കു ധാര്‍മികമായി അവകാശമുണ്ട്. ചിത്രകാരന്റെ നേതൃത്വത്തിലുള്ള കേരളാ ബ്ലോഗ് അക്കാദമി എന്ന വിര്‍ച്വല്‍ സംഘടയും പണ്ടുണ്ടായിരുന്ന ബൂലോഗക്ലബ്ബിന്റെ ഗൃഹാതുരത്വത്തില്‍ ബ്ലോഗ് മാടമ്പിമാരായി കഴിയുന്ന ചിലരും തമ്മില്‍ ഒരു സംഘര്‍ഷം നിലനില്‍ക്കുന്നതായി ചാരന്മാര്‍ പറയുന്നു. ചിത്രകാരന് സവര്‍ണരെ മൊത്തത്തില്‍ പേടിയാണെന്നു തോന്നുന്നു. എന്തോ എനിക്കു ചിത്രകാരനെയും പേടിയാണ്. ചുമ്മാ പേടിച്ചേക്കാം.

അക്കാദമി എന്നു പറയുന്നത് വളരെ സ്വതന്ത്രസംഘടനയാണെന്നുമൊക്കെ ചിത്രകാരന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും സംഗതി ചിത്രകാരന്റെ സ്വന്തം പ്രസ്ഥാനമാണെന്നത് ബൂലോഗത്തെ കൊച്ചുപിള്ളാര്‍ക്കു വരെ അറിയാം. ചരിത്രം ഇങ്ങനെ കടലുപോലെ കിടക്കുന്നതുകൊണ്ട് ഇതിന്റെ പൊളിറ്റിക്സ് കൃത്യമായി പറഞ്ഞൊപ്പിക്കാനും കഷ്ടപ്പാടാണ്.

കേരളാ ബ്ലോഗ് അക്കാദമി ശക്തിപ്രാപിക്കുമ്പോള്‍ ചിത്രകാരന്‍ ആളുകളെ ഭയപ്പെടുത്താന്‍ ഉപയോഗിക്കുന്ന സവര്‍ണാധികാരസിംഹാസനത്തിലേക്ക് ഏകാധിപത്യത്തിന്റെ പൂണൂലുമിട്ട് എത്തിച്ചേരുന്നത് അദ്ദേഹം തന്നെയാണ് എന്നത് മനപൂര്‍വം വിട്ടുകളയുന്നത് മറ്റുള്ളവര്‍ മനസിലാക്കരുതെന്ന് വാശി പിടിക്കരുത്, പ്ളീസ്. ദേ, അമേരിക്ക അമേരിക്ക എന്നു പറഞ്ഞ് ജനങ്ങളെ പേടിപ്പിച്ച് അമേരിക്കയാവാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാരെപ്പോലെ സവര്‍ണരെ ചീത്ത വിളിച്ച് ചീത്ത വിളിച്ച് എല്ലാ ദോഷങ്ങളും നിറഞ്ഞ സവര്‍ണനാവുകയാണ് ചിത്രകാരന്‍.

ബൂലോഗകവികള്‍ക്ക് ചിത്രകാരഫോബിയ എന്ന പേരില്‍ അദ്ദേഹം ഒരു പോസ്റ്റ് ഇട്ടിരിക്കുന്നത്് കണ്ടു. ചിത്രകാരന്റെ ഉള്ളിലുള്ള രോഗം വ്യക്തമായി ആ തലക്കെട്ടിലൂടെ പുറത്തുവന്നിരിക്കുകയാണ്. മറ്റുള്ളവര്‍ അദ്ദേഹത്തെ പേടിച്ചു തുടങ്ങിയിരിക്കുന്നു എന്നദ്ദേഹം വിശ്വസിക്കുന്നു. മറ്റുള്ളവര്‍ക്ക് അദ്ദേഹത്തെ പേടിയാണെന്ന മട്ടില്‍ കുറെ നാളായി പെരുമാറുന്നതും ശ്രദ്ധിക്കുന്നു. ഇയാളാരുവാ ? മനസ്സിലായില്ല.

ആളുകള്‍ എന്നെ പേടിക്കണം എന്നെ പേടിക്കണം എന്ന ചിന്ത വിട് ചിത്രകാരാ. മാക്സിമം ചീപ്പായേ അടങ്ങൂ എന്നൊരു വാശി വേണോ ? അതോ ഇനി നിങ്ങളുടെ ബ്ലോഗ് അക്കാദമി വഴി ബ്ലോഗ് തുടങ്ങുന്നവരെ അങ്ങനെയൊക്കെ ധരിപ്പിച്ചിട്ടുണ്ടോ ? എങ്കില്‍ സംഗതി ഇവിടെയൊന്നും അവസാനിക്കില്ല.

പഴയ ചില പൊളിറ്റിക്സുകളുടെ തനിയാവര്‍ത്തനമാണ് ഇപ്പോള്‍ മറ്റു ചിലരിലൂടെ നടക്കുന്നത് എന്നത് കാണുമ്പോള്‍ സങ്കടമുണ്ട്. അഗ്രഗേറ്റര്‍ മാടമ്പിമാരുടെ കാലത്ത് ഇപ്പോള്‍ സ്വാതന്ത്യ്രം പ്രസംഗിക്കുന്ന പല ബ്ലോഗ് തമ്പുരാന്‍മാരും അവരോടൊപ്പമായിരുന്നു. മാടമ്പി രാവിലെ എണീറ്റ് ആരെയെങ്കിലും തെറി വിളിച്ചുകൊണ്ട് ഒരു പോസ്റ്റിടും. അവനെ കൊല്ലണം, അവനെ ഉന്മൂലനം ചെയ്യണം എന്ന മട്ടില്‍. ജോര്‍ജ് ബുഷ്, സദ്ദാം ഹുസൈന്‍, ബെര്‍ളി തോമസ് തുടങ്ങിയവരെക്കുറിച്ചാണ് വളരെ ആധികാരികമായി പോസ്റ്റുകള്‍ വന്നുകൊണ്ടിരുന്നത്.

ഉടന്‍ തന്നെ മാടമ്പിയുടെ കിങ്കരന്‍മാര്‍ പിന്നാലെ വന്ന് ഒരേ സ്വരത്തില്‍ അതേറ്റു പാടും. അവനെ ക്രൂശിക്കണം, അവനെ ക്രൂശിക്കണം ! അങ്ങനെ ഒരു രണ്ടു ദിവസം കഴിയുമ്പോള്‍ ആ രോഗത്തിന് അല്‍പം ശമനമാകും. പിന്നെ അടുത്തയാള്‍. കിങ്കരന്‍മാര്‍ക്ക് വേറെ ഒന്നും വേണ്ട, അഗ്രിഗേറ്ററുകളില്‍ പോസ്റ്റുകള്‍ കാണിക്കണം, അത്രമാത്രം. ധര്‍മപ്രഭാഷണപരമ്പരകള്‍ ജനത്തെ അറിയിക്കാന്‍ ചില അധാര്‍മികസൂത്രങ്ങള്‍ എന്നു മാത്രം.

ചിത്രകാരന്‍ ഒരു ബ്ലോഗര്‍ മാത്രമാണ്. അദ്ദേഹം ഉണ്ടാക്കി എന്നവകാശപ്പെടുന്ന സംഘടന എന്തോ ആണെന്ന് വിശ്വസിക്കുന്ന മണ്ടന്‍മാരുടെ കൂടെ ഞാനില്ല. അന്നും ഇന്നും ഞാന്‍ ബ്ലോഗ് അക്കാദമിക്ക് എതിരാണ്. അക്കാദമിക്കാര്‍ പ്രസംഗിക്കുന്നത് വലിയ വലിയ കാര്യങ്ങളാണെങ്കിലും ആത്യന്തികമായി അതൊരു വലിയ തട്ടിപ്പാണ് എന്നറിയാവുന്നത്കൊണ്ട് തന്നെയാണ് എതിര്‍ക്കുന്നതും. മലയാളഭാഷ ഇന്നു നിലനില്‍ക്കുന്നത് മലയാളം ബ്ലോഗുകള്‍ ഉള്ളതുകൊണ്ടാണെന്നും ബ്ലോഗുകള്‍ വ്യാപകമാവുന്നതോടെ കേരളം നന്നാവും എന്നും മറ്റുമുള്ള പ്രചാരണങ്ങളിലൂടെ സ്വയം ചെറുതാകാന്‍ മല്‍സരിക്കുന്ന ബ്ലോഗര്‍മാരുടെ കൂടെയും ഞാനില്ല.

അഞ്ചല്‍ക്കാരന്‍ കഴിഞ്ഞ കോപ്പിറൈറ്റ് വിവാദത്തോടനുബന്ധിച്ച് തയ്യാറാക്കിയ കത്തില്‍ എത്രയോ ആയിരക്കണക്കിനു പോസ്റ്റുകളെഴുതി ഭാഷയ്ക്ക് സേവനം ചെയ്യുന്ന ബ്ലോഗര്‍മാര്‍ എന്നൊക്കെ വിശേഷിപ്പിച്ചത് കാണാത്തതല്ല. ആരെങ്കിലും നിര്‍ബന്ധിച്ചായിരുന്നോ സേവനം ചെയ്യാന്‍ ?

എന്റെ കൃതി ആളുകള്‍ വായിക്കണം, എനിക്കു വായനക്കാര്‍ ഉണ്ടാകണം, എനിക്കു ബന്ധങ്ങള്‍ ഉണ്ടാകണം എന്നിങ്ങനെയുള്ള സ്വാര്‍ത്ഥചിന്തകള്‍ കൊണ്ടല്ലാതെ ഭാഷയെ ഉദ്ധരിക്കാന്‍ വേണ്ടിയാണ് ഇക്കണ്ട ആളുകളൊക്കെ ബ്ലോഗ് ചെയ്യുന്നത് എന്ന വാദം സത്യസന്ധവും സുതാര്യവുമാകേണ്ട ബ്ലോഗ് എന്ന മാധ്യമത്തിന് ചേരാത്തതാണ്. ഇതൊക്കെ വായിക്കുന്നവര്‍ വെള്ളം തൊടാതെ വിഴുങ്ങുമെന്നും അവര്‍ക്കൊന്നും ആലോചിക്കാന്‍ മൂളയില്ലെന്നും കരുതുന്ന ചിത്രന്‍മാരെ സമ്മതിക്കണം.

ബ്ലോഗ് അക്കാദമി ഉണ്ടാക്കി വയ്ക്കുന്ന അപകടങ്ങള്‍ വെളിച്ചത്തുവരാന്‍ പോകുന്നതേയുള്ളൂ. ചിത്രകാരന്റെ ഭാഗത്തു നിന്ന് അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വെല്ലുവിളികള്‍ തല്‍ക്കാലത്തേക്കെങ്കിലും അതിന്റെ ഒരു ഭാഗമാണ്. ബ്ലോഗിനെ അച്ചടിമാധ്യമങ്ങള്‍ക്ക് ഒറ്റുകൊടുത്തുകൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞും പത്രസമ്മേളനം നടത്തിയും അത് സ്കാന്‍ ചെയ്ത് ബ്ലോഗിലിട്ടും ഒക്കെയായി അക്കാദമിയുടെ പിന്നണിക്കാര്‍ നടത്തുന്ന പണികള്‍ ഒരിക്കലും ബ്ലോഗിങ്ങല്ല.

സ്വാഭാവികമായി ചിന്തിക്കുമ്പോള്‍ ആര്‍ക്കും ഒന്നും തോന്നില്ല. മലയാളികളെ മുഴുവന്‍ ബ്ലോഗിങ് പഠിപ്പിക്കുന്നില്ലേ, പകരം അവരുടെ പേര് പത്രങ്ങളില്‍ അച്ചടിച്ചുവരുന്നതില്‍ എന്താ തെറ്റ് എന്ന നിഷ്കളങ്കമായ ചിന്തയെ ഞാന്‍ സംശയിക്കുന്നില്ല.

എന്നാല്‍ അക്കാദമിക്കാര്‍ പറഞ്ഞുകൊടുത്തിട്ടോ അല്ലെങ്കില്‍ പത്രക്കാരുടെ മനോധര്‍മം അനുസരിച്ചോ അക്കാദമിക്കാര്‍ നടത്തുന്ന പരിപാടികള്‍ ലേബല്‍ ചെയ്യപ്പെടുന്നത് മലയാളം ബ്ലോഗര്‍മാരുടെ സംഘടന, കേരളത്തിലെ പ്രമുഖ ബ്ലോഗര്‍മാര്‍ - എന്നൊക്കെയാണ്.

ഇത് വളരെ ഗുരുതരമായ അവകാശവാദമാണ്. ഇത് ഞാനാദ്യം മുതല്‍ക്കേ പറയുന്നതാണ്. ഇങ്ങനെ ഒരവകാശവാദം ഉന്നയിക്കാന്‍ ഒരുത്തനും അവകാശമില്ല എന്നു പ്രത്യേകം ഓര്‍മിപ്പിക്കട്ടെ. കാരണം, ഇവിടെ കിടന്നു താളം ചവിട്ടുന്ന നാലും മൂന്നും ഏഴു ബ്ലോഗര്‍മാര്‍ ചേര്‍ന്നാല്‍ മലയാളം ബ്ലോഗിങ് ആവില്ല. ഒരിക്കലും സംഘടിപ്പിക്കാനാവാത്ത ബ്ലോഗര്‍മാരെ സംഘടിപ്പിച്ച് ട്രേഡ് യൂണിയനുണ്ടാക്കാനും നാളെ ഇവിടാരെങ്കിലും ശ്രമിച്ചാല്‍ അദ്ഭുതപ്പെടാനില്ല.

വിഷ്ണുപ്രസാദിനെതിരെ നടക്കുന്ന ആക്രമണങ്ങള്‍ കുറച്ചുദിവസമായി ശ്രദ്ധിക്കുകയായിരുന്നു. ബ്ലോഗിനു പുറമേ പലതും വായിക്കുന്ന പൊതുജനം എന്നു പറയുന്ന വിഭാഗം അംഗീകരിച്ച കവിയാണദ്ദേഹം. ബ്ലോഗെഴുതി പേരെടുത്ത അദ്ദേഹത്തെ താറടിച്ച് ഇല്ലാതാക്കാനുള്ള പൊളിറ്റിക്സ് അങ്ങേയറ്റം ഹീനമാണ്. ബ്ലോഗ് എന്താണെന്നറിയാത്ത എത്രയോ പേര്‍ വിഷ്ണുപ്രസാദിന്റെ ബ്ലോഗിന്റെ അഡ്രസ് എന്നോടു ചോദിച്ചു വാങ്ങിച്ചിട്ടുണ്ട്. ബ്ലോഗിലെ ചീഞ്ഞ പൊളിറ്റിക്സ് അറിയാത്ത എത്രയോ പേര്‍ മറ്റൊരു വെബൈസൈറ്റില്‍ അദ്ദേഹത്തിന്റെ കവിത വായിച്ചിട്ട് ആ മനുഷ്യനെക്കുറിച്ച് എത്രയോ സമയം ചര്‍ച്ച ചെയ്യുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഞാന്‍ കവിയല്ല, കവിത എഴുതാനുമറിയില്ല. പ്രതിഭയെ ആളുകള്‍ ഇങ്ങോട്ടന്വേഷിച്ചുവരുമ്പോള്‍ ഫോബിയ ഉണ്ടാകുന്നത് സ്വാഭാവികമാണ്.  വളരെ ബോറാകുന്നുണ്ട് കേട്ടോ ഈ നാറിയ പൊളിറ്റിക്സ് !

ബ്ലോഗ് അക്കാദമിയുടെ തുടക്കം ഈ വൃത്തികേടുകളെ സ്ഥാപനവല്‍ക്കരിച്ചു എന്നാണെനിക്കു തോന്നുന്നത്. ഒറ്റനോട്ടത്തില്‍ ബ്ലോഗ് അക്കാദമി എന്ന വെജിറ്റേറിയന്‍ പ്രസ്ഥാനവും ചിത്രകാരന്റെ നോണ്‍ വെജ് അക്രമണങ്ങളും തമ്മില്‍ ഒരു ബന്ധവുമില്ല. അക്കാദമിയില്‍ താനിടപെടുന്നില്ല എന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുമ്പോഴും അക്കാദമിയുടെ പേരില്‍ ഒരില അനങ്ങുന്നത് പോലും താനറിയാതെ ആവരുത് എന്ന കാര്യത്തില്‍ ചിത്രകാരന് വാശിയുമുണ്ട്.

ബ്ലോഗ് അക്കാദമിയിലൂടെ ഒരു അധികാരകേന്ദ്രമാകാനുള്ള ചിത്രകാരന്റെ ശ്രമം ഏറെക്കുറെ വിജയിച്ചു എന്നു പറയാം. തിരുവനന്തപുരം ശില്‍പശാലയിലൂടെ ചിലര്‍ അത് തിരിച്ചറിയുകയും അന്ന് ചില സംഘര്‍ഷങ്ങള്‍ ഉണ്ടായതും ആരും അറിഞ്ഞില്ല എന്നൊന്നും കരുതരുത്. അതുവരെ ശില്‍പശാലകളിലുള്ള ഫാക്കല്‍റ്റികളും അതിനു ശേഷം വന്ന ഫാക്കല്‍റ്റികളും തമ്മിലുള്ള വ്യത്യാസം ഈ പൊളിറ്റിക്സിന്റെ ഭാഗമാണെന്നു സംശയിക്കണം.

ബ്ലോഗ് ക്ളബ്ബുകള്‍ എന്ന അപകടകരമായ ആശയം കൂടി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ വിജയിച്ചാല്‍ പറിച്ചെറിഞ്ഞുകളയാനാവാത്ത ദുരന്തമായി തനിക്ക് മലയാളത്തില്‍ ഒരിടം കണ്ടെത്താനാവുമെന്ന് ചിത്രകാരനും കരുതുന്നുണ്ടാവണം.

ബ്ലോഗര്‍മാരെ ബ്രാന്‍ഡ് ചെയ്യാനുള്ള അദൃശ്യമായ നീക്കങ്ങളും ശക്തമായി ചെറുക്കപ്പെടേണ്ടതാണ്. വിഷ്ണുപ്രസാദ് ഏതു തരത്തിലുള്ള കവിത എഴുതണമെന്ന് തറവാടി നിര്‍ദേശിക്കുന്നതുപോലെ വലിയ വങ്കത്തം വേറെയുണ്ടോ. പാവം ഒരു വിശാലമനസ്കനെ ആളുകള്‍ ബ്രാന്‍ഡ് ചെയ്ത് ബ്രാന്‍ഡ് ചെയ്ത് പാവം എഴുത്തു നിര്‍ത്തിപ്പോയി. തമാശ അല്ലാതെ മറ്റെന്തെങ്കിലും എഴുതിയാല്‍ തല്ലുകിട്ടുമോ എന്നു പേടിച്ചാണ് വിശാലന്‍ എഴുത്തുനിര്‍ത്തിയതെന്ന് തോന്നുന്നു.

എന്റെയും അവസ്ഥ വ്യത്യസ്തമല്ല. വായനക്കþരെ ചിരിപ്പിക്കുന്ന പോസ്റ്റുകള്‍ അല്ലെങ്കില്‍ - ബെര്‍ളീ പോസ്റ്റുകള്‍ വല്ലാതെ, വരളുന്നു, സ്റ്റോക്ക് തീര്‍ന്നോ തുടങ്ങിയ ചോദ്യങ്ങളാണ്. ഞാനിനി കുറെക്കാലം സ്വവര്‍ഗരതിയിലെ നൂതനപ്രവണതകളെക്കുറിച്ച് എഴുതാനാണ് ആഗ്രഹിക്കുന്നത്. അതെന്റെ ബ്ലോഗില്‍ എഴുതാന്‍ വായനക്കാര്‍ അനുവദിക്കില്ല എങ്കില്‍ സംഗതി കുഴപ്പമാണ്. വായനക്കാര്‍ ആഗ്രഹിക്കുന്ന പോസ്റ്റുകള്‍ മാത്രം എന്നും എഴുതാന്‍ കഴിയില്ല. എനിക്കിഷ്ടമുള്ളത് ഞാനെഴുതും. അതാവശ്യമുള്ളവര്‍ അത് വായിക്കും. ഒരാളും വായിച്ചില്ലെങ്കിലും ഞാനെഴുതും. ഞാന്‍ മാത്രമല്ല, ബ്ലോഗിങ്ങിനെ ബ്ലോഗിങ്ങായി കാണുന്ന എല്ലാവരും. ദാറ്റ്സ് ഓള്‍ !!