Berlytharangal.com

കുറച്ചുനാളായി സംഗതി കത്തിക്കയറുകയാണ്. ഏഴാം ക്ളാസ് പാഠപുസ്തകത്തിലൂടെ സര്‍ക്കാര്‍ കമ്മ്യൂണിസം പ്രചരിപ്പിക്കുന്നു, നിരീശ്വരവാദം പ്രചരിപ്പിക്കുന്നു. ആരോപണം ഗുരുതരമാണ്. സത്യമാണെങ്കില്‍ സര്‍ക്കാര്‍ ചെയ്യുന്നതും പോക്രിത്തരമാണ്. വിവാദം കൊണ്ടുപിടിച്ച് ചര്‍ച്ച ചെയ്യുന്ന ചിലരോട് പുസ്തകം കണ്ടോ വായിച്ചോ എന്നൊക്കെ ചോദിച്ചു. ഉത്തരം ലളിതമായിരുന്നു- ഇതൊക്കെ വായിച്ചിട്ടു വേണോ, എല്ലാവരും ചര്‍ച്ച ചെയ്യുന്നതല്ലേ, ആര്‍ക്കാണറിയാത്തത് ? കൊള്ളാം നല്ല മറുപടി.

പാഠപുസ്തകം പിന്‍വലിക്കണം എന്നു ഘോരഘോരം വാദിക്കുന്ന പല വങ്കന്‍മാര്‍ക്കും വിവാദമായ ഏഴാം ക്ളാസിലെ സാമൂഹികപാഠ പുസ്തകം എന്നു പറയാനല്ലാതെ ഒരുണ്ടയും അറിഞ്ഞുകൂടാ എന്നത് യാഥാര്‍ത്ഥ്യമാണ്. എന്തായാലും ഇപ്പോള്‍ ഏറ്റവും പ്രചാരത്തിലുള്ള പ്രസിദ്ധീകരണം എന്ന നിലയില്‍ (ഡിസിയോ മറ്റോ പുനപ്രസിദ്ധീകരിക്കാനും സാധ്യതയുണ്ട്) ഒരെണ്ണം ഞാനും സംഘടിപ്പിച്ചു വായിച്ചു. പിന്നീടാണറിഞ്ഞത് എസ്എഫ്ഐയുടെ വെബ്സൈറ്റില്‍ ഏഴാം ക്ളാസിലെ സാമൂഹികപാഠപുസ്തകം സ്കാന്‍ ചെയ്ത് പൂര്‍ണമായി നല്‍കിയിട്ടുണ്ട്. ആര്‍ക്കും ഡൌണ്‍ലോഡ് ചെയ്തു പരിശോധിക്കാം.

പുതിയ പാഠപുസ്തകങ്ങളുടെ കാര്യത്തില്‍ വ്യക്തമായ ഒരു സിപിഎം അജന്‍ഡ നടപ്പാക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ട് എന്ന വാദം ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. അഥവാ അങ്ങനെ ഉണ്ടെങ്കില്‍ മൂത്തുനരച്ച സാമൂഹികവിചക്ഷണന്‍മാര്‍ പോലും വരികള്‍ക്കിടയിലൂടെയുള്ള വായനയിലൂടെ കണ്ടെത്തുന്ന ഇത്തരം അജന്‍ഡകള്‍ ഏഴാം ക്ളാസ് വിദ്യാര്‍ഥിക്ക് മനസ്സിലാവുമോ എന്നതും പരിശോധിക്കേണ്ടതാണ്.

പാഠപുസ്തകത്തെ സംബനിധിച്ചുള്ള ചില വിവാദങ്ങള്‍ ശ്രദ്ധിക്കാം.-

ആദ്യപാഠമായ കേരളത്തില്‍ നടപ്പായ ഭൂപരിഷ്കരണം ഇടതുപക്ഷ ചായ്വോടെ അവതരിപ്പിച്ചിരിക്കുകയാണെങ്കില്‍ രണ്ടാം പാഠം നിരീശ്വരത്വം പ്രോത്സാഹിപ്പിക്കുന്ന വിധമാണ്. സ്വാതന്ത്യ്രസമരത്തെക്കുറിച്ചുള്ള മൂന്നാം പാഠം മിതവാദികളായ പല സ്വാതന്ത്യ്രസമര നേതാക്കളെയും തമസ്കരിച്ച് തീവ്ര സ്വാതന്ത്യ്രസമര സേനാനികള്‍ക്കു മുന്‍ഗണന നല്‍കുന്നു. ഈ പുസ്തകത്തിലെ സ്വാതന്ത്യ്രസമര ചരിത്രം വായിച്ചാല്‍ ഗാന്ധിജിയുടെയും ജവാഹര്‍ലാല്‍ നെഹ്റുവിന്റെയും സംഭാവനകള്‍ ഇടതുചിന്താഗതിക്കാരെക്കാള്‍ എത്രയോ നിസ്സാരമെന്നേ തോന്നൂ. ഇതും ബോധപൂര്‍വമല്ലെന്നു വരുമോ?

പാഠപുസ്തകത്തിനെതിരെയുള്ള പ്രധാന ആരോപണങ്ങള്‍ ഇതൊക്കെയാണ്.

1. കേരളത്തിന് ആവശ്യമായ അരി ഇവിടെ ഉല്‍പാദിപ്പിക്കാനാവാത്തതിന്റെ കാരണം തേടിക്കൊണ്ടാണ് ഏഴാം ക്ളാസിലെ സമൂഹ്യശാസ്ത്രം ഒന്നാം പാഠം തുടങ്ങുന്നത്. കൃഷിക്കാരനു കൃഷിഭൂമിയുടെ അവകാശം ലഭിച്ചതെപ്പോഴാണ് എന്ന ചോദ്യമെറിഞ്ഞുകൊണ്ടു നല്‍കിയിട്ടുള്ള രണ്ടു ഖണ്ഡികകളില്‍ ഒന്ന് എ.കെ.ജിയുടേതാണ്. മറ്റൊന്ന് ഇടതുപക്ഷ സഹയാത്രികന്‍ കെ. മാധവന്‍ നായരുടെ പോക്കുവെയില്‍ എന്ന ഗ്രന്ഥത്തില്‍ നിന്ന് എടുത്തതും.

പിന്നീടു വിത്തിട്ടവന്‍ വിളകൊയ്യും എന്ന തലക്കെട്ടില്‍ പറഞ്ഞിരിക്കുന്നതു കരിവെള്ളൂരിലെ കര്‍ഷക സമരത്തെയും പൊലീസ് വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതിനെയും കുറിച്ചാണ്. കൂടാതെ, ജന്മിത്വകാലത്തെക്കുറിച്ചും കര്‍ഷക പ്രക്ഷോഭങ്ങളെപ്പറ്റിയും വിവരം ശേഖരിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ള ഗ്രന്ഥങ്ങള്‍ ചെറുകാടിന്റെ നമ്മളൊന്ന്, മണ്ണിന്റെ മാറില്‍, കെ. ദാമോദരന്റെ പാട്ടബാക്കി, കെ.കെ.എന്‍. കുറുപ്പിന്റെ കേരളത്തിലെ കര്‍ഷക സമരങ്ങള്‍, ആണ്ടലാട്ടിന്റെ രേഖയില്ലാത്ത ചരിത്രം എന്നിവയും.

2. നിവര്‍ന്നു നില്‍ക്കുന്ന കര്‍ഷകന്‍ എന്ന തലക്കെട്ടില്‍, 1957ലെ കേരള കുടിയൊഴിപ്പിക്കല്‍ നടപടി നിര്‍ത്തിവയ്ക്കല്‍ നിയമം സംബന്ധിച്ച ഗസറ്റ് അതേപടി കൊടുത്തിട്ടുണ്ട്. പിന്നീടു സിപിഎമ്മിന് അനഭിമതയായെങ്കിലും അന്നത്തെ റവന്യുമന്ത്രി കെ.ആര്‍. ഗൌരിയമ്മ കേരള കാര്‍ഷികബന്ധ ബില്‍ ചര്‍ച്ചയ്ക്കു നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങളും ചേര്‍ത്തിട്ടുണ്ട്.

കൃഷി സംസ്കാരമായി കാണാത്ത അവസ്ഥയെ വിശകലനം ചെയ്ത് അനീതിയെ ചോദ്യംചെയ്യാനും കര്‍ഷകനോട് ആദരവു തോന്നിക്കാനും കൃഷിയോട് ആഭിമുഖ്യം വളര്‍ത്താനുമാണ് ഈ പാഠംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അധ്യാപകര്‍ക്കുള്ള നിര്‍ദേശത്തില്‍ പറയുന്നു. ഭൂപരിഷ്കരണം നടപ്പാക്കിയതില്‍ ഊറ്റംകൊള്ളുമ്പോള്‍ തന്നെ സംസ്ഥാനത്തു കാര്‍ഷികവൃത്തി പിന്തള്ളപ്പെട്ടതിന്റെ കാരണക്കാര്‍ ആരെന്ന കാര്യം ബോധപൂര്‍വം ഒളിപ്പിച്ചു.

3. ഇതേ പുസ്തകത്തിലെ മനുഷ്യത്വം വിളയുന്ന ഭൂമി എന്ന യൂണിറ്റിലെ മതമില്ലാത്ത ജീവന്‍ എന്ന തലക്കെട്ടിലുള്ള ഭാഗം നിരീശ്വരത്വം വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്. പ്രധാന അധ്യാപകനും രക്ഷിതാവുമായുള്ള സംഭാഷണത്തിലൂടെയാണ് ഈ ഭാഗം തുടങ്ങുന്നത്. സ്കൂളില്‍ കുട്ടിയെ ചേര്‍ക്കാന്‍ വന്ന രക്ഷിതാവ് പ്രധാന അധ്യാപകന്റെ ചോദ്യത്തിന് ഉത്തരമായി, കുട്ടിയുടെ മതവും ജാതിയും ചേര്‍ക്കേണ്ടതില്ലെന്നും ഭാവിയില്‍ അത് ആവശ്യമായാല്‍ കുട്ടിക്ക് ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കട്ടെയെന്നും പറയുന്നു.

തുടര്‍ന്നു മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ അന്ത്യകര്‍മത്തില്‍ പാടില്ലെന്ന ജവാഹര്‍ലാല്‍ നെഹ്റുവിന്റെ മരണപത്രത്തിലെ ഭാഗം ചേര്‍ത്തിരിക്കുന്നു. മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന പ്രധാന മതഗ്രന്ഥങ്ങളിലെ ഭാഗങ്ങള്‍ കൊടുത്തതിനു ശേഷം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മതാന്തര വിവാഹവും മതാന്തര ആഘോഷങ്ങളും നടക്കുന്നതാണു കൊടുത്തിട്ടുള്ളത്.

4. കൂടാതെ വിലക്കയറ്റം, ശുദ്ധജലക്ഷാമം, പകര്‍ച്ചവ്യാധികള്‍, ഭൂകമ്പം തുടങ്ങിയവ ഏതു മതത്തില്‍പ്പെട്ടവരെയാണു കൂടുതല്‍ ബാധിക്കുകയെന്ന ചോദ്യം കുട്ടിക്കു നേരെ എറിഞ്ഞിട്ടുണ്ട്. ഇതെല്ലാം ഈശ്വരവിശ്വാസത്തെ നിരാകരിക്കുന്നതും കുരുന്നിലേ മതാചാരങ്ങളില്‍ നിന്നു വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതുമല്ലെന്നു പറയാനാകുമോ?

മതമൂല്യങ്ങളെയും മതേതര മൂല്യങ്ങളെയും കുറിച്ചുള്ള തുറന്ന ചര്‍ച്ചയില്‍ അധ്യാപകന്റെയോ കുട്ടിയുടെയോ വിശ്വാസപ്രമാണങ്ങള്‍ ഒട്ടുംതന്നെ സ്വാധീനിക്കരുതെന്ന് അധ്യാപകരോടു നിര്‍ദേശിച്ചിട്ടുമുണ്ട്. സ്വന്തം ജീവിതത്തില്‍ മതേതര മൂല്യങ്ങള്‍ പാലിക്കണമെന്ന മനോഭാവം കുട്ടികളില്‍ വളര്‍ത്തുകയാണത്രേ ലക്ഷ്യമിടുന്നത്. മതേതരത്വം എന്നാല്‍, മതമില്ലാത്ത അവസ്ഥയെന്നാണോ അര്‍ഥം എന്ന ചോദ്യം ഇവിടെയും അവശേഷിക്കുന്നു. ലക്ഷോപലക്ഷം കുട്ടികള്‍ വിദ്യാലയങ്ങളിലും കലാലയങ്ങളിലും ചേരുമ്പോള്‍ കാലങ്ങളായി ചേര്‍ത്തുവരുന്ന തങ്ങളുടെ മതവും ജാതിയും വേണ്ടെന്നു പഠിപ്പിക്കുന്നത് എന്തിനാണ്?

മതവും ജാതിയും ഉള്ളതാണോ സമൂഹത്തിലെ പ്രശ്നം? ജാതി അടിസ്ഥാനത്തില്‍ സംവരണം ഏര്‍പെടുത്തിയിട്ടുള്ള രാജ്യമാണിതെന്നോര്‍ക്കണം. ഇതിന്റെയെല്ലാം പിന്നിലുള്ളത് ഇടതു രാഷ്ട്രീയലക്ഷ്യം ഒന്നുമാത്രം.

5. മൂന്നാം പാഠത്തില്‍ ഒന്നാം സ്വാതന്ത്യ്രസമരത്തെ തുടര്‍ന്നു തൂക്കിലേറ്റപ്പെട്ട മംഗള്‍ പാണ്ഡെയുടെയും പീര്‍ മുഹമ്മദിന്റെയും അനുഭവങ്ങളും ലഹോര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു ഭഗത് സിങ്, ബി.കെ. ദത്തിനയച്ച കത്തും കൊടുത്തിട്ടുണ്ട്. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയും മലബാര്‍ കലാപവും വാഗണ്‍ട്രാജഡിയും ബംഗദേശിലെ കോമില്ലയിലെ ജില്ലാ മജിസ്ട്രേട്ട് സ്റ്റീവന്‍സിനെ വെടിവച്ചുകൊന്ന ശാന്തിഘോഷിനെയും സുനിത ചൌധരിയെയും പറ്റി വിശദീകരിച്ചിരിക്കുമ്പോള്‍ തന്നെ ആദ്യകാല സ്വാതന്ത്യ്രസമര നായകരെ, പ്രത്യേകിച്ചു മിതവാദികളായവരെ തീരെ പരാമര്‍ശിക്കുന്നില്ല.

പയ്യന്നൂര്‍ കടപ്പുറത്തു നടന്ന ഉപ്പു സത്യഗ്രഹത്തെക്കുറിച്ചു നെട്ടൂര്‍ പി. ദാമോദരന്റെ അനുഭവച്ചുരുളുകള്‍ എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള ഭാഗം കൊടുത്തിട്ടുണ്ട്. എന്നാല്‍, ദേശീയ പ്രസ്ഥാനത്തിനും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനും വേണ്ടത്ര പ്രാധാന്യമില്ലെന്ന ആക്ഷേപമുണ്ട്. അഹിംസയിലും സഹനസമരത്തിലും ഊന്നിയ സത്യഗ്രഹ സമരമാര്‍ഗങ്ങളും പരമാര്‍ശിക്കപ്പെടാതെ പോയി.

ഉപ്പുസത്യഗ്രഹവും ക്വിറ്റ് ഇന്ത്യ സമരവും ചെറിയ വിവരണത്തിലൊതുങ്ങി. സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍, മൌലാന അബുള്‍കലാം ആസാദ്, ഗോപാലകൃഷ്ണ ഗോഖലെ, ബാലഗംഗാധരതിലക്, സരോജിനി നായിഡു, നേതാജി എന്നിവരെ പരമാര്‍ശിക്കുകപോലും ചെയ്തിട്ടില്ല. ശ്രീനാരായണഗുരു അടക്കമുള്ള കേരളത്തിലെ നവോത്ഥാന നായകരെയും തമസ്കരിച്ചു.

പാഠപുസ്തകത്തിലുള്ളതിനെക്കാള്‍ രാഷ്ട്രീയം അതിനെതിരെയുള്ള വിവാദങ്ങളിലും പരാമര്‍ശങ്ങളിലും ഉണ്ടെന്നതില്‍ സംശയമില്ല. എങ്കിലും സിപിഎം രൂപീകരിച്ചിരിക്കുന്ന പൊതുവിദ്യാഭ്യാസചട്ടക്കൂട് സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്കനുസൃതമായി ലോകത്ത് മുന്‍നിരയിലേക്കു വരുന്ന കേരളത്തിലെ മനുഷ്യശേഷിയെ തകര്‍ക്കുന്നതിനാണെന്ന വാദം പോലും ആഴത്തില്‍ പഠിക്കേണ്ടതും പരിശോധിക്കേണ്ടതുമാണ്.

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ളാസുകളിലെ പുസ്തകങ്ങളാണ് ഈ വര്‍ഷം മാറ്റിയിട്ടുള്ളത്. മറ്റു ക്ളാസുകളില്‍ അടുത്ത വര്‍ഷം പുസ്തകം മാറും. ഹയര്‍ സെക്കന്‍ഡറിയില്‍ എന്‍സിആര്‍ടി തയാറാക്കിയ പുതിയ പുസ്തകം ഇക്കുറി ഉപയോഗിക്കും.