അമ്മ എന്ന വാക്ക് അതിമനോഹരമായിരുന്നു. മലയാള സിനിമാ പ്രവര്‍ത്തകര്‍ അവരുടെ സംഘടനയ്‍ക്ക് ആ പേരിട്ടതോടെ സംഗതി ദ്വയാര്‍ത്ഥം പോലെയായി. 'നിങ്ങളൊരുമാതിരി അമ്മയുടെ സ്വഭാവം കാണിക്കരുത് '- എന്നു പറഞ്ഞാല്‍ അതിലെന്തോ ഉണ്ടെന്നു തോന്നും.
സിനിമാസംഘടനയാമെങ്കിലും അമ്മയ്‍ക്കെന്താ കുഴപ്പം എന്നു സംശയം തോന്നാം. ഇന്നത്തെ ചിന്താവിഷയം എന്ന സൂപ്പര്‍ഹിറ്റ് സിനിമയില്‍ വരെ നായികാവേഷം ചെയ്ത മലയാളിയുടെ പ്രിയതാരം മീരാ ജാസ്മിന് ഇനിയൊരറിയിപ്പുണ്ടാകും വരെ ഒരു മലയാള സിനിമയിലും അഭിനയിക്കാന്‍ അവകാശമില്ല എന്നു പ്രഖ്യാപിക്കാനും അത് നടപ്പില്‍ വരുത്താനും അമ്മയ്‍ക്ക് എന്തവകാശം.
പറഞ്ഞു കേട്ടിടത്തോളം ഇതാണ് കാരണങ്ങള്‍. ട്വന്റി ട്വന്റി എന്ന സിനിമയില്‍ മീരയോട് അഭിനയിക്കണമെന്ന് അമ്മ ആവശ്യപ്പെട്ട റോള്‍ അവതരിപ്പിക്കാന്‍ പറ്റില്ല എന്നു പറഞ്ഞതിനാണ് അമ്മ അമ്മായിമ്മയുടെ സ്വഭാവം കാണിക്കുന്നത്.തെലുങ്കില്‍ സജീവമായ മീരയ്‍ക്ക് ഡേറ്റ് ഇല്ലാത്തതുകൊണ്ടാണ് അമ്മയോട് പോയി പണി നോക്കമ്മേ എന്നു പറഞ്ഞതെന്ന് കേള്‍ക്കുന്നു.
ഏതെങ്കിലും മലയാള സിനിമയിലേക്ക് ഇനി മീര ജാസ്മിനെ കാസ്റ്റ് ചെയ്യാന്‍ പാടില്ല എന്നാണ് വിലക്കില്‍ പറയുന്നത്. അമ്മ വിലക്ക് പിന്‍വലിക്കുന്നത് വരെ. അമ്മ എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നത് ? മലയാളസിനിമയുടെ പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ചേ അടങ്ങൂ എന്ന വാശി എന്തിനാണ് ?
കലാകരന്റെ അവകാശങ്ങള്‍ നിര്‍ണയിക്കുന്നത് സംഘടനയാണോ ? ഇത്തരത്തില്‍ ഒരു വ്യവസായത്തില്‍ നിന്ന് തന്നെ വിലക്കി പുറത്ത് നിര്‍ത്താന്‍ മാത്രം അണ്‍പ്രൊഫഷണലായ ഈ സംഘടന തീര്‍ച്ചയായും മലയാളസിനിമയ്‍ക്ക് ഒരു ശാപമാണ്. ഏത് സിനിമയില്‍ അഭിനയിക്കണം, അഭിനയിക്കരുത് എന്നു തീരുമാനിക്കാനുള്ള അവകാശം കലാകാരനാണ്.
സംഘടന ആഗ്രഹിക്കും വിധം പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇങ്ങനെയുള്ള തീരുമാനങ്ങള്‍ എടുക്കുന്നത് കഷ്ടമാണ്. ബ്ലോഗ് ശില്‍പശാലയില്‍ പങ്കെടുക്കാത്ത ബ്ലോഗര്‍മാരെ മലയാളത്തില്‍ ബ്ലോഗ് ചെയ്യാന്‍ സമ്മതിക്കില്ല എന്നാരെങ്കിലും പറയുമോ ? മലയാള സിനിമക്കാരേ, നിങ്ങള്‍ ബ്ലോഗര്‍മാരെ കണ്ടു പഠിക്കൂ.
